
ദോഹ: ഖത്തർ എയർവേയ്‌സ് തങ്ങളുടെ അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 2026 ജൂൺ 16 മുതൽ ലോകമെമ്പാടുമുള്ള 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഈ വേനൽക്കാലത്ത് കൂടുതൽ യാത്രക്കാരെ വൈവിധ്യമാർന്ന നഗരങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.2026 സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന പുതിയ ഷെഡ്യൂളിൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതിയ റൂട്ടുകൾ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.2026 ഫെബ്രുവരി 28 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ബുക്കിംഗ് ഉള്ള യാത്രക്കാർക്ക് ഒക്ടോബർ 31 വരെയുള്ള മറ്റൊരു ദിവസത്തേക്ക് സൗജന്യമായി യാത്ര മാറ്റാൻ സാധിക്കും. സീറ്റുകളുടെ ലഭ്യതയ്ക്കും സീസണൽ നിരക്കുകൾക്കും വിധേയമായിരിക്കും ഇത്.
പുതിയ ഷെഡ്യൂൾ അനുസരിച്ച് വിമാന സമയങ്ങളിൽ മാറ്റമുണ്ടെങ്കിൽ ആ വിവരം യാത്രക്കാരെ നേരിട്ട് അറിയിക്കും. ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റോ ആപ്പോ കൃത്യമായി പരിശോധിക്കാനും കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും കമ്പനി നിർദ്ദേശിച്ചു.
യാത്രക്കാർക്ക് വേനൽക്കാല യാത്രകൾ കൂടുതൽ ഫ്ലെക്സിബിൾ ആയി പ്ലാൻ ചെയ്യാൻ ഈ വിപുലീകരണം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.










